1947- രാജ്യം സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷുകാരോട് പടപൊരുതുന്നകാലം. പറവൂരിലെ ഒരു പറ്റം ചെറുപ്പക്കാർ ഭഗവതിക്കൽ
ക്ഷേത്രമൈതാനിയിൽ സമ്മേളിക്കുന്നു. അവരുടെ ഉദ്ദേശം ഈ ഗ്രാമത്തിലെ ജനങ്ങളെ വായ നയുടെ പുതിയ ലോകത്തിലേക്ക്
കൈപിടിച്ചു കൊണ്ടുവരികയെന്നതാണ്. അതിനായി ഒരു ഗ്രന്ഥശാല ആരംഭിക്കുക. വി. കൃഷ്ണപിള്ള, വി. എം. ശങ്കരനാരായണപിള്ള,
പി. പി. സുകുമാരൻ നായർ, പി. ആർ. ശ്രീധരൻ നായർ, പി. പുരു ഷോത്തമൻ നായർ തുടങ്ങിയവരായിരുന്നു അവിടെ കൂടിയ
സുഹൃത്തുക്കൾ. ടി. എൻ. ഗോപിനാഥൻ നായരുടെ 'നിലാവും നിഴലും' എന്ന നാടകം പറവൂർ പ്രൈമറി സ്കൂളിൽ ടിക്കറ്റ് വച്ച്
നടത്തുകയും അതിൽ നിന്നും മിച്ചം ലഭിച്ച 82 രൂപ 14 ചക്രം ഉപയോഗിച്ച് പറവൂർ ലൈബ്രറി ആന്റ് റീഡിംഗ് റൂം ആരംഭിക്കുകയും ചെയ്തു.
11.10.1122 - ൽ വി. കൃഷ്ണപിള്ള (പ്രസിഡന്റ്) ആർ. സി. പ്ലാപ്പള്ളി (സെക്രട്ടറി), വി. എം. ശങ്കരനാരായണപിള്ള (ഖജാൻജി),
വി. സി. പിള്ള, എൻ. നാരായണൻ ഇളയത്, പി. ആർ. ശ്രീധരൻ നായർ, കെ. ജി. വാസുദേവൻ നായർ (ഭരണ സമിതി അംഗങ്ങൾ)
എന്നിവരെ ആദ്യ ഭാരവാഹികളായി തെരഞ്ഞെടുത്തു.
25 -10 - 1122 (08- 06 - 1947) രാവിലെ 8 മണിക്ക് കൊച്ചുകിട്ടൻ മുതലാളിയുടെ വാടകയ്ക്കെടുത്ത മുറിയിൽ അമ്പലപ്പുഴ
എൻ. എൻ. ഇളയത് “പറവൂർ ലൈബ്രറി ആൻറ് റീഡിംഗ് റൂം” ഉദ്ഘാടനം ചെയ്തു. ആ വർഷം തന്നെ അഖില തിരുവിതാംകൂർ
ഗ്രന്ഥശാലാ സംഘത്തിൽ 260- നമ്പർ അംഗമായി രജിസ്റ്റർ ചെയ്തു. 08-05-1125 -ൽ പേര് പറവൂർ പബ്ലിക് ലൈബ്രറി & റീഡിംഗ് റൂം
എന്ന് ഭേദഗതി ചെയ്തു.
1124-ൽ ഗ്രന്ഥശാലാ സംഘത്തിൽ നിന്നും ആദ്യ ഗ്രാൻറായി 120 രൂപ ലഭിച്ചു. 1952-ൽ നടന്ന അഞ്ചാം വാർഷികാഘോഷങ്ങൾക്ക്
സാക്ഷ്യം വഹിച്ചത് മഹാകവികളായ വള്ളത്തോളും, ജി ശങ്കരക്കുറുപ്പുമാണന്നുള്ളത് അഭിമാനകരമാണ്.
കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമീണ ഗ്രന്ഥശാല ക്കുള്ള സമാധാനം പരമേശ്വരം പുരസ്കാരം ആദ്യം ലഭിച്ചത് പറവൂർ പബ്ലിക്
ലൈബ്രറിക്കാണ്. കൂടാതെ ആദ്യത്തെ ഇ.എം.എസ് പുരസ്കാരം ഐ.വി ദാസ് പുരസ്കാരം തുടങ്ങി ഒട്ടനേകം പുരസ്കാരങ്ങൾ ലഭിച്ച
ഈ ലൈബ്രറി പുന്നപ്രയുടെ അഭിമാനമായി നിലകൊള്ളുന്നു.കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങൾ
പ്രവർത്തിച്ചിട്ടുള്ള ഏറെ പേരുടെയും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ സന്ദർശക ഡയറി ഇവിടുത്തെ അമൂല്യ ശേഖരങ്ങളിൽ ഒന്നാണ്.
മഹാകവി ജി ശങ്കരക്കുറുപ്പ് വള്ളത്തോൾ തുടങ്ങി ഒട്ടേറെ മഹാരഥന്മാരുടെ കയ്യക്ഷരം ഈ സന്ദർശക ഡയറിയിൽ പതിഞ്ഞിട്ടുണ്ട്